സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കേന്ദ്രമായുള്ള, സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി നടത്തിപ്പിനായി കേരള സര്‍ക്കാരുമായുള്ള (ഡിഎസ്‌വൈഎ) പങ്കാളിത്തം സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി.  ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പങ്കാളിത്തം. ഫുട്‌ബോള്‍ അക്കാദമിയുടെ സാങ്കേതിക പങ്കാളികളായാണ് കെബിഎഫ്‌സി പ്രവര്‍ത്തിക്കുക. അഞ്ചുവര്‍ഷത്തെ പ്രാരംഭ കാലയളവില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ നിയന്ത്രണവും കെബിഎഫ്‌സിക്കായിരിക്കും. അക്കാദമിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന്  വൈകിട്ട് 3.30ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു.

വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് സാര്‍വത്രികമായ അവസരവും വിജയകരമായ കരിയര്‍ മാര്‍ഗവും നല്‍കി, വരും വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോളിനുള്ള ലോകോത്തര ഫുട്‌ബോളര്‍മാരുടെ ഉല്‍പാദന കേന്ദ്രമായി കേരളത്തെ സുദൃഢമാക്കുന്നതിനാണ് ഈ യോജിച്ച പ്രവര്‍ത്തനം. യുവ പ്രതിഭകളുടെയും ദേശീയ യൂത്ത് ടീമിന്റെയും വികസനത്തിനായുള്ള ഒരു ഫുട്‌ബോള്‍ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും പങ്കാളിത്തം ലക്ഷ്യമിടുന്നു. യൂത്ത് ടീമുകളില്‍ നൂറ് ശതമാനം ആഭ്യന്തര താരങ്ങള്‍ ഉണ്ടായിരിക്കണമെന്ന അഭിലാഷത്തോടെ, അണ്ടര്‍-14, അണ്ടര്‍-17 ജൂനിയര്‍ ഗ്രൂപ്പുകളും, അണ്ടര്‍-20 സീനിയര്‍ ഗ്രൂപ്പുമായി മൂന്ന് വിഭാഗം ടീമുകളായിരിക്കും അക്കാദമിയില്‍ ഉണ്ടാവുക.

രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ പ്രോഗ്രാം ലഭ്യമാക്കുന്നതിന്, വിവിധ മാനേജ്‌മെന്റ്, സാങ്കേതിക വിദഗ്ധരെ അക്കാദമിയുടെ നടത്തിപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് എത്തിക്കും. ഈ വീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും, ടര്‍ഫും, പിന്തുണാ സൗകര്യങ്ങളും അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിറവേറ്റുകയും ചെയ്ത കാഴ്ച്ചപ്പാടിനെയും പ്രാരംഭ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തത്തിന് അവസരം നല്‍കിയതില്‍ കേരള സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ഈ രംഗത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫുട്‌ബോള്‍ പ്രോഗ്രാം, ലൈഫ്‌സ്‌കില്‍, എജ്യൂക്കേഷന്‍ എന്നിവയിലൂടെ സംസ്ഥാനത്തെ യുവ പ്രതിഭകളെ പിന്തുണയ്ക്കാനും, ഭാവിയിലെ ഫുട്‌ബോള്‍ താരങ്ങളാക്കാനും ഈ പദ്ധതിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കാദമി ഉദ്ഘാടനം ചെയ്തതില്‍ അഭിമാനമുണ്ടെന്നും മുഹമ്മദ് റഫീഖ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *