ആവേശകരമായ രണ്ടാം പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്‌സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് (3-3). വി.എസ് ശ്രീക്കുട്ടന്‍, സുഭാഘോഷ്, ആയുഷ് അധികാരി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. വെള്ളിയാഴ്ച വൈകിട്ട് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം. സെപ്തംബര്‍ മൂന്നിന് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. ഈ സീസണില്‍ ടീമിലെത്തിച്ച വിദേശതാരങ്ങളായ അഡ്രിയാന്‍ ലൂണയും എനെസ് സിപോവിച്ചും പകരക്കാരായി ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ കളിയില്‍നിന്ന് വലിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. റിസര്‍വ് ടീമില്‍നിന്നും സ്ഥാനകയറ്റം കിട്ടിയെത്തിയ താരങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചു. ഗോള്‍കീപ്പറായി എത്തിയത് ബിലാല്‍ ഹുസൈന്‍ ഖാനാണ്. പ്രതിരോധത്തില്‍ ധെനചന്ദ്ര മെയ്ട്ടി, ടി.ഷഹ്ജാസ്, വി.ബിജോയ്, ആര്‍.ഹൊര്‍മിപാം എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ പരിചയസമ്പന്നനായ സെയ്ത്യാസെന്‍ സിങും ഗീവ്‌സണ്‍ സിങുമായിരുന്നു പ്രധാനികള്‍. ഒപ്പം യൊയിഹെന്‍ബ മെയ്ട്ടിയും അണിചേര്‍ന്നു. മുന്നേറ്റത്തില്‍ യുവനിരയെയാണ് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ചുമതലപ്പെടുത്തിയത്, വി.എസ് ശ്രീക്കുട്ടനും സുഭാഘോഷും അനില്‍ ഗൗന്‍കറും ഗോളടിക്കാന്‍ നിന്നു.
A goal fest of a friendly, but it ends all square! ⚽#KBFCvKUFC #YennumYellow pic.twitter.com/3TACgI1emr
— K e r a l a B l a s t e r s F C (@KeralaBlasters) August 27, 2021
കളിയുടെ തുടക്കത്തിലേ ബ്ലാസ്‌റ്റേഴ്‌സ് മികവുകാട്ടി. എതിരാളിയെ അമ്പരപ്പിച്ച് നിരന്തര മുന്നേറ്റം നടത്തി. ഇതിന്റെ ഫലം കിട്ടി. പതിനൊന്നാം മിനിറ്റില്‍ മലയാളിതാരം ശ്രീക്കുട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിന് മോഹിച്ച നിമിഷം സമ്മാനിച്ചു. മൈതാനത്തിന് മധ്യത്തില്‍നിന്നും യൊഹിന്‍ബ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പിടിച്ചെടുത്ത് ശ്രീക്കുട്ടന്‍ നിറയൊഴിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങി. ബുജൈര്‍ യുണൈറ്റഡിന്റെ മറുപടി ഗോള്‍ നേടി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. 17ാം മിനിറ്റില്‍ വീണ്ടും ലീഡെടുത്തു. യുണൈറ്റഡ് ഗോളി സത്യജിത്തിന്റെ പിഴവില്‍നിന്നും സുഭാഘോഷ് ലക്ഷ്യം കണ്ടു. ഒപ്പമെത്താന്‍ യുണൈറ്റഡ് ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നു. ബിജോയും ഹൊര്‍മിപാമുമായിരുന്നു എതിരാളിയുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. ഇതിനിടെ ശ്രീക്കുട്ടനും സുഭാഘോഷിനും അവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. 52ാം മിനിറ്റില്‍ യുണൈറ്റഡിന്റെ സമനില ഗോള്‍ വന്നു, ഷഫ്‌നാദ് ലക്ഷ്യം കണ്ടു.
യുണൈറ്റഡിന്റെ ആക്രമണങ്ങളെ സമര്‍ഥമായി നേരിട്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ഇതിനിടെ ആദര്‍ശ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അവരുടെ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. പകരക്കാരനായെത്തിയ ആയുഷ് അധികാരിയുടെ ഉജ്വല ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. കളിയവസാനം പകരംഗോളി സച്ചിന്‍ സുരേഷിന്റെ തകര്‍പ്പന്‍ പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു. മുന്നിലെത്താന്‍ പലവട്ടം അവസരങ്ങളുണ്ടായിട്ടും നിര്‍ഭാഗ്യാത്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതലക്കാനായില്ല. സെപ്തംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ തുടങ്ങുന്ന ഡ്യൂറാന്റ് കപ്പാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത ലക്ഷ്യം. സെപ്തംബര്‍ 11ന് ഇന്ത്യന്‍ നേവിയുമായാണ് ആദ്യ കളി.