അഫ്ഘാൻ താരം ഷെരീഫ് മുഹമ്മദ് ഗോകുലം കേരള എഫ് സിയെ നയിക്കും

അഫ്ഘാൻ താരം ഷെരീഫ് മുഹമ്മദ് ഗോകുലം കേരള എഫ് സിയെ നയിക്കും

അഫ്ഘാൻ താരം ഷെരീഫ് മുഹമ്മദ് ഗോകുലം കേരള എഫ് സിയെ ഈ വരുന്ന സീസണിൽ നയിക്കും.

കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിൽ പ്രധാന പങ്ക്‌ വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്. മധ്യനിരയിൽ കളിച്ച ഷെരീഫ് ഗോകുലത്തിനു വേണ്ടി നാല് ഗോളുകൾ നേടുകയും ഏറ്റവും കൂടുതൽ പാസുകൾ (799) നൽകുകയും ചെയ്തു.

അവസാന മത്സരത്തിൽ ട്രാവു എഫ് സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരിന്നു ഗോകുലത്തിന്റെ കിരീടധാരണത്തിനു വഴിവെച്ചത്.

റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാൽദ്വീപ്സ്, എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 31 വയസ്സുള്ള ഷെരീഫ് ഗോകുലത്തിൽ കഴിഞ്ഞ വര്ഷം എത്തുന്നത്. മിഡ്‌ഫീൽഡറായിട്ടും, പ്രതിരോധത്തിലും കളിക്കുവാൻ പറ്റുന്ന കളിക്കാരനാണ് ഷെരീഫ്.

റഷ്യയിൽ ജനിച്ച ഷെരീഫ്, ഏഴാം വയസ്സിൽ അൻസിയ മക്കാചക്കാല എന്ന ക്ലബ്ബിന്റെ അക്കാഡമിയിൽ ചേർന്നു. പിന്നീട് റഷ്യൻ പ്രീമിയർ ലീഗിൽ അൻസിയക്ക് വേണ്ടി ഷെരിഫ് അരങ്ങേറ്റം കുറിച്ചു. അഞ്ചു വര്ഷം അൻസിയിൽ കളിച്ച ഷെരീഫ്, റോബർട്ടോ കാർലോസ്, സാമുവേൽ എറ്റോ, വില്ലിയൻ എന്നീ കളിക്കാരുടെ കൂടെ കളിച്ചു.

പിന്നീട് സ്വീഡനിലും മാൽദ്വീപ്‌സിലും കളിച്ച ഷെരീഫ്, മാസിയ എന്ന ക്ലബിന് വേണ്ടി എ എഫ് സി കപ്പ് കളിക്കുകയും ചെയ്തു. അഫ്ഘാനിസ്ഥാൻ നാഷണൽ ടീമിലെ സ്ഥിരം കളിക്കാരനാണ് ഷെരീഫ്.

“ഈ വര്ഷം ഗോകുലത്തിനു വളരെ പ്രാധാന്യമുള്ള വർഷമാണ്. ഡ്യൂറൻഡ് കപ്പ്, ഐ ലീഗ്, എ എഫ് സി എന്നിവയിൽ ഞങ്ങൾ പങ്കെടുക്കുന്നുണ്ട്. എല്ലാത്തിലും വിജയിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം,” ഷെരീഫ് പറഞ്ഞു.

“പരിചയസമ്പന്നതയും, നേതൃപാടവും ഉള്ള കളിക്കാരനാണ് ഷെരീഫ്. കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ കളി എല്ലാവരും കണ്ടതാണ്. ക്യാപ്റ്റനായി എല്ലാ വിധ ആശംസകളും നേരുന്നു,” ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *