ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിനായി ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ചിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് ലേസ്‌കോവിച്ച്. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ഈ 30കാരന്‍ കെബിഎഫ്‌സിയിലെത്തുന്നത്.

ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട്. ഇടങ്കാലന്‍ സെന്റര്‍ബാക്കായും, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളിലും കളിച്ചു. 2009 മുതല്‍ ക്രൊയേഷ്യ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരുന്ന താരം 2014ല്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. എസ്‌തോണിയക്കെതിരെയായിരുന്നു ദേശീയ ജഴ്‌സിയില്‍ അവസാന മത്സരം. ഒസിജേക്കിന്റെ യൂത്ത് ടീമിലൂടെയാണ് കരിയര്‍ തുടക്കം. 2009 ഡിസംബറില്‍ ക്ലബ്ബുമായി പ്രൊഫഷണല്‍ കരാറിലേര്‍പ്പെട്ടു.

ഒസിജേക്കിനായി 35 മത്സരങ്ങളില്‍ ലെഫ്റ്റ്ബാക്ക്, സെന്റര്‍ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളുകളില്‍ തിളങ്ങി. പിന്നീട്, നാലുവര്‍ഷത്തെ കരാറില്‍ എച്ച്എന്‍കെ റിജേക്കയിലേക്ക് ചേക്കേറി. 41 മത്സരങ്ങളില്‍ ക്ലബ്ബ് ജഴ്‌സിയണിഞ്ഞു. ടീമിനൊപ്പം യുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ക്കും യോഗ്യത നേടി. 2016ലാണ് താരം ഡൈനാമോസാഗ്രെബില്‍ എത്തുന്നത്. 2020 ജനുവരി മുതല്‍ സീസണ്‍ അവസാനം വരെ എന്‍കെ ലോകോമോട്ടീവയ്ക്കായി വായ്പാ അടിസ്ഥാനത്തിലും കളിച്ചു.

മികച്ച പ്രകടനം നടത്താനുള്ള വലിയ പ്രേരണയുമായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്ന മികച്ച പ്രതിരോധ താരമാണ് ലേസ്‌കോവിച്ച് എന്ന് കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഈ കരാറും, വരാനിരിക്കുന്ന സീസണിലേക്കുള്ള റിക്രൂട്ട്‌മെന്റും പൂര്‍ത്തീകരിക്കാനായതില്‍ സന്തോഷമുണ്ട്. മാര്‍ക്കോയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് മാര്‍ക്കോ ലേസ്‌കോവിച്ച് പറഞ്ഞു. ഒരുപാട് വെല്ലുവിളികള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്,  ഒരുമിച്ച് ജയിച്ച് തുടങ്ങുന്നതിന് എനിക്ക് കാത്തിരിക്കാനാവുന്നില്ല-ലേസ്‌കോവിച്ച് പറഞ്ഞു.

Follow us on TWITTER, INSTAGRAM and YOUTUBE. Join our TELEGRAM Channel.

Leave a Reply

Your email address will not be published. Required fields are marked *