അർജന്റീന മുന്നേറ്റക്കാരൻ ജോർജ് റൊണാൾഡോ പെരേര ഡയസ് 2021/22 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അർജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെൻസിൽനിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.
Ice cold 🥶
— K e r a l a B l a s t e r s F C (@KeralaBlasters) August 27, 2021
Ruthless 💥
Clinical 🎯
The Argentine Marksman joins us on loan from Club Atlético Platense for the 2021/22 Season! 💪🇦🇷#SwagathamDiaz #YennumYellow pic.twitter.com/lNHqnTdk7I
പെരേര ഡയസിനെ പോലെ മികച്ച കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് പെരേര ഡയസിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ്. കഴിവിനൊത്ത് പെരേര ഡയസ് ഉയരുമെന്നാണ് പ്രതീക്ഷ–കരോലിസ് സ്കിൻകിസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മാനേജ്മെന്റിന് നന്ദിയുണ്ടെന്നും പെരേര ഡയസ് പ്രതികരിച്ചു. മഞ്ഞപടയുടെ ആവേശം അനുഭവിക്കാൻ കാത്തിരിക്കുകയാണ്. എന്റെ എല്ലാ മികവും ഈ ടീമിനായി പുറത്തെടുക്കും–പെരേര ഡയസ് പറഞ്ഞു.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുന്ന മൂന്നാമത്തെ വിദേശതാരമാണ് പെരേര ഡയസ്. ഡ്യൂറന്റ് കപ്പ് ഫുട്ബോളിനായി കൊൽക്കത്തയിൽ എത്തുന്ന ടീമിനൊപ്പം പെരേര ഡയസ് ചേരും.