ഭൂട്ടാൻ മുന്നേറ്റതാരം ചെഞ്ചൊ ഗ്യെൽഷൻ ഐഎസ്‌എൽ എട്ടാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. റൗണ്ട്‌ഗ്ലാസ് പഞ്ചാബ് എഫ്‌സിയിൽനിന്നാണ് ചെഞ്ചൊ എത്തുന്നത്.
പ്രൈമറി സ്‌കൂൾ കാലഘട്ടം മുതൽ പന്ത് തട്ടാൻ തുടങ്ങിയ ഈ ഇരുപത്തഞ്ചുകാരന്റെ ഫുട്‌ബോൾ ജീവിതം തുടങ്ങുന്നത് 2008ലാണ്. യീദ്‌സിൻ എഫ്‌സിയിലൂടെ നാല് വർഷം ഭൂട്ടാൻ ദേശീയ ലീഗിൽ കളിച്ചു. 2014ൽ ഡ്രക്ക് യുണൈറ്റഡിൽ ചേർന്നു. ടീമിന്റെ ക്യാപ്‌റ്റനുമായി. തിമ്പു ലീഗിൽ കളിച്ചു. 2014ലെ കിങ്‌സ് കപ്പിലും ഇറങ്ങി. ഒരു വർഷത്തിനുശേഷം തിമ്പുവിൽ കളിച്ച് ആ സീസണിലെ ടോപ് സ്‌കോററുമായി. 2015ൽ ബുറിറാം യുണൈറ്റഡ് എഫ്‌സിയിൽ ചേർന്നു. തുടർന്ന് തായ് ക്ലബ്ബ് സുറിൻ സിറ്റി എഫ്‌സിയിൽ വായ്‌പാടിസ്ഥാനത്തിൽ എത്തി. അന്താരാഷ്‌ട്ര ക്ലബ്ബ് ഫുട്‌ബോളിൽ കളിക്കുന്ന ആദ്യ ഭൂട്ടാൻ താരവുമായി. 2016ൽ നൊന്താബുറി എഫ്‌സി, സതുൺ യുണൈറ്റഡ് എഫ്‌സി ക്ലബ്ബുകൾക്കായി കളിച്ചു. പിന്നാലെ തിമ്പുവിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു.
We now have Bhutanese Goal Machine in our ranks 🔥😍
— K e r a l a B l a s t e r s F C (@KeralaBlasters) August 31, 2021
Jen pa leg sho, @Che7cho 💛#SwagathamChencho #YennumYellow pic.twitter.com/PcND5vl2Ay
2016ൽതന്നെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്ലബ്ബ് ചിറ്റഗോങ് അബഹാനിയിൽ എത്തി. ഏഴ് കളിയിൽ അഞ്ച് ഗോളടിച്ചു. ശേഷം തിമ്പു സിറ്റി എഫ്‌സിയിൽ ഇടംനേടി. 2017ൽ ഐ ലീഗ് ക്ലബ്ബ് മിനർവ പഞ്ചാബിൽ ചേർന്നു. ഒരു വർഷത്തിനുശേഷം ഐഎസ്‌എൽ ക്ലബ്ബ് ബംഗളരൂ എഫ്‌സിയിലെത്തി. 2019ൽ നെറോക്ക എഫ്‌സിക്കായി വായ്‌പാടിസ്ഥാനത്തിൽ കളിച്ചു. ഭൂട്ടാനിലേക്ക് തിരിച്ചെത്തിയ ഗ്യിൽഷെൻ സ്വന്തം നാട്ടിലെ ക്ലബ്ബായ പറോ എഫ്‌സിക്കായി കളിച്ചു. കഴിഞ്ഞ സീസണിൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് റൗണ്ട്‌ഗ്ലാസ് പഞ്ചാബ് എഫ്‌സിക്കായി ഇറങ്ങി.
‘ചെഞ്ചൊ എന്ന കളിക്കാരന് ഇന്ത്യൻ സാഹചര്യത്തോട് പുതുതായി ഇണങ്ങേണ്ടി വരില്ല. കരിയറിലെ കൂടുതൽ കാലവും ഇവിടെയായിരുന്നു. ഐഎസ്‌എലിൽ തിരികെ എത്താനുള്ള അവസരത്തിൽ ചെഞ്ചൊ അത്യന്തം സന്തോഷവനാണ്. ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു–- കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോർടിങ് ഡയറക്ടറായ കരോളിസ് സ്‌കിൻകിസ് പറഞ്ഞു.
‘ഫുട്‌ബോൾ എല്ലാ തരത്തിലും ആരാധകരുടേതാണ്. കേരളയ്‌ക്ക് മികച്ച ആരാധക സംഘമുണ്ട്. ഈ ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷം–- ചെഞ്ചൊ പറഞ്ഞു.
ഈ സീസണിൽ ക്ലബ് കരാറാക്കിയ അഞ്ചാമത്തെ വിദേശ താരമാണ് ചെഞ്ചൊ. ഡ്യുറന്റ് കപ്പിൽ കളിക്കുമെന്നാണ് പ്രതീക്ഷ.