ഈ വർഷത്തെ ഹീറോ ഐ-ലീഗ് ലക്ഷ്യമിട്ടു മലപ്പുറം മഞ്ചേരി(പയ്യനാട് സ്റ്റേഡിയം)ആസ്ഥാനമായുള്ള കേരള യുണൈറ്റഡ് FC , ബംഗളുരുവിൽ നടക്കുന്ന ക്വാളിഫൈമത്സരങ്ങൾക്കായി യാത്ര തിരിക്കുന്നു. അടുത്ത മാസം 5ന് ആണ് ആദ്യ മത്സരം. ഇംഗ്ലീഷ് വമ്പൻമാരായ ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമകളായ യുണൈറ്റഡ് വേൾഡ് ഫുട്ബോൾ ഗ്രൂപ്പിന്റെ ഭാഗമാണ് കേരള യുണൈറ്റഡ് FC . കഴിഞ്ഞ വർഷം ക്ലബ് കേരള പ്രീമിയർ ലീഗിയിൽ പങ്കെടുത്തിരുന്നു.
” ഐ-ലീഗിലേക്കും തുടർന്ന് ISL ലേക്കും യോഗ്യത നേടുക എന്നത് തന്നെ ആണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ യുവ കളിക്കാർക്ക് ഇതിലൂടെ അവസരങ്ങൾ ലഭിക്കും. കേരള ഫുട്ബോളിന് വേണ്ടി ഒരുപാട് പദ്ധതികൾ പരിഗണനയിൽ ഉണ്ട്. പ്രാധാനമായും യൂത്ത് ഡെവലപ്മെന്റ് & ഗ്രാസ്റൂട്ട് , വനിതാ ടീം എന്നിവയാണ് ആണ് ലക്ഷ്യമിടുന്നത്. യുണൈറ്റഡ് വേൾഡ് ഫുട്ബോൾ അക്കാദമി വരുംകാലങ്ങളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കും. കേന്ദ്ര സംസ്ഥാന സർക്കാരിന്റെയും,ഫുട്ബോൾ അസോസിയേഷനുംകളുടെയും, മീഡിയകളുടെയും സഹകരണത്തോട് കൂടിയും ഫുട്ബോളിനെ സ്നേഹിക്കുന്ന കേരളത്തിലെ നല്ലവരായ കളി പ്രേമികളുടെ പിന്തുണയോടു കൂടിയും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും എന്നുതന്നെയാണ് വിശ്വാസം കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.
“യുണൈറ്റഡ് വേൾഡിന്റെ മറ്റു ക്ലബ്ബുകൾ പോലെ ഏറ്റവും കൂടുതൽ യുവ കളിക്കാർ കളിക്കുന്ന ഒരു സ്‌ക്വാഡ് ആക്കി മാറ്റുകയാണ് കേരള യുണൈറ്റഡ് ഉദേശിക്കുന്നത്, ഇന്ത്യയിലെ ഫുട്ബോളിന്റെ വാണിജ്യപരമായ സാധ്യതകൾ യുണൈറ്റഡ് വേൾഡ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഫുട്ബോളിന്റെ പ്രാവർത്തികമായ എല്ലാ മേഖലയിലും പ്രവർത്തിക്കും. ഇതിലൂടെ ക്ലബ്ബുകൾ ലാഭകരമാകാൻ സാധിക്കും. കേരള യുണൈറ്റഡ് FC യുടെ ആദ്യ വർഷം മുതലുള്ള സ്പോൺസർ ദക്ഷിണ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ലാബായ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഈ വർഷവും ക്ലബ്ബിന്റെ ഭാഗമായിരിക്കുമെന്ന് സന്തോഷപൂർവം അറിയിക്കുന്നു”. കേരള യുണൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.
“കോച്ചിങ്ങിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം കൊണ്ടും തന്റെ അതെ ഫിലോസഫി തന്നെ ആണ് കേരള യുണൈറ്റഡിന് ഉള്ളത് എന്നത് കൊണ്ടുമാണ് ഈ പുതിയ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായത്. കേരളത്തിലെ കഴിവുറ്റ യുവ താരങ്ങൾക്ക് അവസരം നൽകി അവരെ ദേശീയ അന്തർ ദേശീയ തലത്തിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്നത് തന്നെയാണ് ടീമിന്റെ മുഖ്യ ലക്ഷ്യം.” ഹെഡ് കോച്ച് ബിനോ ജോർജ് തന്റെ പുതിയ ക്ലബിലേക്കുള്ള പ്രവേശനത്തെ കുറിച്ച് വിശദീകരിച്ചു.
സെപ്റ്റംബർ 13 ന് ഉച്ചക്ക് 2 മുതൽ 3 വരെ കേരള യുണൈറ്റഡ് FC എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിനടുത്ത ക്ലബ്ബ് ഓഫീസിൽ വെച്ചു മീഡിയ ഡേ കൂടി സംഘടിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.