യുവതാരം ഗിവ്‌സണ്‍ സിങുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗിവ്‌സണ്‍ ക്ലബ്ബില്‍ തുടരും.
മണിപ്പൂരിലെ ചെറിയ നഗരമായ മൊയ്‌രംഗില്‍ നിന്നുള്ള താരം, പഞ്ചാബ് എഫ്‌സിയിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. ക്ലബ്ബിലെ ശ്രദ്ധേയമായ പ്രകടനം ഗിവ്‌സണ്‍ സിങിനെ ദേശീയ യൂത്ത് ടീമിലെത്തിച്ചു. 2016ല്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എലൈറ്റ് അക്കാദമിയുടെ ഭാഗമായി. ഇന്ത്യന്‍ ആരോസില്‍ ചേരുന്നതിന് മുമ്പ് അക്കാദമിയില്‍ മൂന്ന് വര്‍ഷം പരിശീലിച്ചു. 2018ല്‍ മലേഷ്യയില്‍ നടന്ന എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ 19കാരനായ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിരവധി തവണ ഇന്ത്യയുടെ അണ്ടര്‍-17 ടീമിനെ പ്രതിനിധീകരിച്ച താരം, 2019ല്‍ റഷ്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് അണ്ടര്‍ 19 ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കുറച്ചുകാലം ഇന്ത്യന്‍ ആരോസിനായും പന്തുതട്ടി. ഐഎസ്എല്‍ ഏഴാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലെത്തിയത്. ക്ലബ്ബിനായി കഴിഞ്ഞ സീസണില്‍ മൂന്നു മത്സരങ്ങള്‍ കളിക്കുകയും ചെയ്തു.
The future is looking 🆙😌
— K e r a l a B l a s t e r s F C (@KeralaBlasters) August 19, 2021
Send in your congratulations to Givson, who has signed on as a Blaster till 2️⃣0️⃣2️⃣4️⃣! ⤵️#YennumYellow pic.twitter.com/0JXpjWkJuk
കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗിവ്‌സണ്‍ സിങ് പ്രതികരിച്ചു. വരാനിരിക്കുന്ന സീസണില്‍ ടീമിനായി നൂറുശതമാനം നല്‍കി, കളിക്കളത്തില്‍ ക്ലബ്ബ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രത്യുപകാരം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിവ്‌സണ്‍ സിങ് പറഞ്ഞു.
ഗിവ്‌സണ്‍ മികച്ച ശരീരസ്ഥിതിയും സാമര്‍ഥ്യവുമുള്ള താരമാണെന്നും, വരാനിരിക്കുന്ന സീസണുകളിലും അത്തരമൊരു താരത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം, ഫുട്‌ബോള്‍ കരിയറില്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നതായും കരോളിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.