ബെംഗളൂരു എഫ്‌സി-2 കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി-0
കൊല്‍ക്കത്ത, സെപ്തംബര്‍ 15, 2021: അവസാന മിനിറ്റുകളില്‍ എട്ടുപേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഡ്യൂറന്റ് കപ്പില്‍ തോല്‍വി. തങ്ങളുടെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. കളിയുടെ 45ാം മിനുറ്റില്‍ ഭൂട്ടിയയും 71ാം മിനുറ്റില്‍ ലിയോണ്‍ അഗസ്റ്റിനും വിജയികള്‍ക്കായി വലകുലുക്കി. രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ബെംഗളൂരു എഫ്‌സിക്കും മൂന്ന് പോയിന്റായി. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് 21ന് ഡല്‍ഹി എഫ്‌സിയെ നേരിടും.
ഇന്ത്യന്‍ നേവിക്കെതിരെ കളിച്ച ടീമില്‍ ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് മാറ്റങ്ങള്‍ വരുത്തി. ഹോര്‍മിപാം, സഞ്ജീവ് സ്റ്റാലിന്‍, പ്യൂട്ടിയ, ധെനെചന്ദ്രമെയ്‌ട്ടെ, ശ്രീക്കുട്ടന്‍ എന്നിവര്‍ ടീമിലെത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ് തുടര്‍ന്നു. എനെസ് സിപോവിച്ച്, സന്ദീപ് സിങ്, ജീക്‌സണ്‍ സിങ്, കെപി രാഹുല്‍ എന്നിവര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിനിറങ്ങി. അഡ്രിയാന്‍ ലൂണയ്ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. അജിത് കുമാര്‍ നയിച്ച ബെംഗളൂരു എഫ്‌സിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ലാറാ ശര്‍മ നിന്നു. പരാഗ്, മുയ്‌രങ്, ഭൂട്ടിയ എന്നിവര്‍ പ്രതിരോധത്തില്‍. അജയ്, റോഷന്‍, ബിശ്വ, ബിദ്യാസാഗര്‍ എന്നിവര്‍ മധ്യനിരയിലും അണിനിരന്നു. മുന്നേറ്റത്തില്‍ ശിവയും ആകാശ് ദീപും.
Full-time at VYBK. pic.twitter.com/rKEp4b4QZP
— K e r a l a B l a s t e r s F C (@KeralaBlasters) September 15, 2021
കളിയുടെ തുടക്കത്തില്‍ ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് മുന്നേറി. ശിവയുടെ ഷോട്ട് ആല്‍ബിനോ തടഞ്ഞു. ആദ്യ 15 മിനിറ്റില്‍ ഇരുഭാഗത്ത് മറ്റു മുന്നേറ്റങ്ങളുണ്ടായില്ല. 25ാം മിനിറ്റില്‍ വലതുപാര്‍ശ്വത്തില്‍വച്ച് സന്ദീപ് സിങ് ശ്രീക്കുട്ടനെ ലക്ഷ്യംവച്ച് മികച്ച ക്രോസ് പായിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം തടഞ്ഞു. 33ാം മിനിറ്റില്‍ ബ്ലസേ്‌റ്റേഴ്‌സിന് മത്സരത്തിലെ ആദ്യ കോര്‍ണര്‍ ലഭിച്ചു. പ്യൂട്ടിയയുടെ കോര്‍ണര്‍ ലാറ തട്ടിയകറ്റി. പന്ത് ശ്രീക്കുട്ടന്റെ കാലിലാണ് കിട്ടിയത്. പന്ത് നിയന്ത്രിച്ച് ശ്രീക്കുട്ടന്‍ തകര്‍പ്പന്‍ ഷോട്ട് പായിച്ചെങ്കിലും ലാറ കൈകളിലൊതുക്കി. ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു ഗോള്‍മുഖത്ത് സമ്മര്‍ദമുണ്ടാക്കാന്‍ തുടങ്ങി. 43ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ബോക്‌സിനകത്ത് വലത് ഭാഗത്ത് നിന്ന് പന്ത് തൊടുക്കുമ്പോള്‍ ഗോളി മാത്രമായിരുന്നു ശ്രീക്കുട്ടന് മുന്നില്‍. ഇടത് ഭാഗത്ത് ലൂണ നിലയുറപ്പിച്ചിരുന്നുവെങ്കിലും ശ്രീക്കുട്ടന്‍ വലയിലേക്ക് നേരെ തൊടുത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ പതിച്ചു. തൊട്ടുപിന്നാലെ ബെംഗളൂരു എഫ്‌സി സമനില പൂട്ടഴിച്ച് മുന്നിലെത്തി. ബോക്‌സിന് തൊട്ട് സമീപത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നംഗായല്‍ ഭൂട്ടിയ മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഞ്ജീവ് സ്റ്റാലിന്റെ ഒരു ശ്രമം ലാറ തടുത്തിട്ടു. ബെംഗളൂരു മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധിച്ചു. സഞ്ജീവ് സ്റ്റാലിന് പകരം സെയ്ത്യസെന്‍ ഇറങ്ങി. സിപോവിച്ചിന് ജെസെല്‍ പകരക്കാരനായി. 62ാം മിനുറ്റില്‍ ബോക്‌സിലേക്ക് ശ്രീക്കുട്ടന്‍ നല്‍കിയ പന്തില്‍ ലക്ഷ്യം നേടാന്‍ ആരുമുണ്ടായില്ല. ഇതിനിടെ തുടര്‍ച്ചയായ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഹോര്‍മിപാമിനെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി. തുടര്‍ച്ചയായ രണ്ടു മാറ്റങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വരുത്തി. ലൂണയും ശ്രീക്കുട്ടനും മാറി, ആയുഷ് അധികാരിയും അനില്‍ ഗവോങ്കറും ഇറങ്ങി. മാറ്റങ്ങള്‍ ബെംഗളൂരു മുന്നേറ്റം തടയാന്‍ മതിയായില്ല. 71ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ലിയോണ്‍ അഗസ്റ്റിനിലൂടെ ബെംഗളൂരു ലീഡുയര്‍ത്തി. ഹര്‍മന്‍പ്രീതിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. 83, 86 മിനിറ്റുകളില്‍ സന്ദീപ് സിങും, ധെനെചന്ദ്രമെയ്‌ട്ടെയും ചുവപ്പ് കണ്ട് പുറത്തായതോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടുപേരായി ചുരുങ്ങി. അവസരം മുതലെടുക്കാന്‍ ബെംഗളൂരു കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ചെറുത്തുനിന്നു.
Follow us on TWITTER, INSTAGRAM and YOUTUBE. Join our TELEGRAM Channel.